Pages

9 October 2012

enkil..

                                           എങ്കില്‍ ....

ഞാനൊരു ചൈത്രത്തിന്‍റെ  മരന്ദം മുഴുവനും 
ഉന്മദ  ഗന്ധം മുഴുവനുമാര്‍ന്നൊരു  മലരായ് 
ചെറിയൊരു  ചെടിയിലുതിര്‍ത്തെങ്കില്‍ ...

കാലമാം  പേരാലില്‍ നിന്നിളം കാറ്റില്‍ 
നീലിമ  നഷ്ടപ്പെട്ട പത്രമായ്‌ കൊഴിഞ്ഞെങ്കില്‍ ...
കേഴും  വേഴാമ്പലിന്‍  കണ്ഠം തണുപ്പിക്കും 
പുതു മഴത്തുള്ളി യായെങ്കില്‍ ...

കുഞ്ഞു കൈ നുണയുന്ന പിഞ്ചോമനയുടെ 
കണ്ണിന്‍ നിലാവായെങ്കില്‍ ...
തുള്ളിക്കളിക്കുന്നോരോണത്തുമ്പി തന്‍ 
ചിറകിലെ ഈണമായെങ്കില്‍ ...

എങ്ങോ മുഴങ്ങുന്നോരൂഞ്ഞാല്‍ പാട്ടിന്‍റെ 
താളമായ് ഞാന്‍ മാറിയെങ്കില്‍ ...
കൂരിരുളില്‍ തുള്ളി പ്രഭ ചൊരിയാനൊരു 
കുഞ്ഞു നക്ഷത്രമായെങ്കില്‍ ...

ഒരു തുഷാര ബിന്ദുവായ്‌ തുളസിക്കതിരില്‍ 
നിന്നൂഴിയില്‍ വീണുടഞ്ഞെങ്കില്‍ ...
കനവിന്‍റെ കനിയായി മുത്തിനെ പേറി 
തകരും ചിപ്പിതന്‍ സായൂജ്യമായെങ്കില്‍ ...

വീണ്ടും ഞാന്‍ അന്ധത തന്‍ ഗര്‍ഭത്തില്‍ നിന്നൊരു കൂണായ് 
പുതുമിന്നലിലുയിരാര്‍ന്നുവെങ്കില്‍...

No comments:

Post a Comment