Pages

19 February 2015

Bhishagwaran..

                                               ഭിഷഗ്വരൻ 


വൈദ്യ ശാസ്ത്ര ബിരുദം നേടിയില്ല ..
ശസ്ത്രക്രിയാ മുറകൾ അഭ്യസിച്ചുമില്ല ..
ഒരു സംഗീതോപകരണ വിദഗ്ദ്ധനുമല്ല ..
എൻറെ, ഹൃദയ ഭിഷഗ്വരൻ ..!

അതങ്ങനെയാണ് സംഭവിച്ചത് ..!
എൻറെ ജീർണ്ണിച്ച-
ഹൃദയ തംബുരുവിൻറെ തന്ത്രികൾ ,
യാചനയായി ഇടറിത്തേങ്ങിയത് 
ആ കാതുകളിൽ പതിഞ്ഞിരിക്കാം ..!

മൂഡ സ്വപ്നങ്ങളുടെ മാറാപ്പു പേറി ,
കൂനിപ്പോയ മുതുകെല്ലും,
കാലഭേദങ്ങൾ മത്സരിച്ചു 
പിച്ചിക്കീറിയ ഉടയാടയുമായി ..
ഏകാകിയായി അലയുകയായിരുന്നു...!

സ്വാർത്ഥ ലോകങ്ങളിൽ നിന്നും 
നിഷ്കാസിതനായ പരദേശി....!
ജീവിതപ്പൊരുളു തേടുന്ന 
യാചകനായ സന്ന്യാസി ...!

ഊഷര ഹൃദയങ്ങളുടെ
മരുഭൂവുകൾ താണ്ടി.. ,
നഗ്നപാദങ്ങൾ പൊള്ളച്ചു പോയിരുന്നു ..!
കുഴിയിലാണ്ട വരണ്ട കണ്ണുകൾ ,
കരുണ തേടിയലഞ്ഞു ..!

ശൂന്യപത്രിയായൊരു തരുവിൻറെ നെറുകയിൽ ,
തളിര് തിരയുന്ന പറവയെപ്പോലെ,...!
കണ്ണീർ വറ്റിയൊടുങ്ങിയ പുഴയിൽ ,
തെളിനീരു തിരയുന്ന പേടമാനിനെപ്പോലെ ..,!

സ്വന്തം ഹൃദയത്തിലെ,
കദനങ്ങളുടെ കടലുപ്പുറഞ്ഞ മണ്ണായിരുന്നു, 
തലചായ്ച്ചു വെയ്ക്കുന്ന അന്തിക്കൂരയും ...!
അവിടെ, നിശ്വാസങ്ങളുടെ ആവേഗത്തിൽ 
തിരമാലകൾ ഇരമ്പിക്കൊണ്ടേയിരുന്നു  ...!

അകാല വാർദ്ധക്യം- 
ചുളിവുകൾ വീഴ്ത്തിയ മുഖത്ത് ,
ദൈന്യത ചിത്രം വരച്ചിരുന്നു ...
തേടിയത് കണ്ടെത്തും മുൻപേ ,
തംബുരുവിൽ നാദം നിലച്ചു പോകുമോ എന്ന
ഭയമായിരുന്നോ.. ??

ഒന്നും അറിയുന്നുണ്ടായിരുന്നില്ല...!
മരവിച്ച പ്രജ്ഞയെ തഴുകിയുണർത്തി ,
സായന്തനത്തിലെ ഇളം കാറ്റു പോലെ ,
അറിയാതെ കടന്നു വന്നു ...!

ദുർബലമായിത്തീർന്നിരുന്ന ഹൃദയ തംബുരുവിൻറെ ,
തുരുമ്പിച്ച കമ്പികൾ അഴിച്ചു മാറ്റി ..,
പുതിയവ വലിച്ചു കെട്ടി..,
രാഗവും, താളവും വീണ്ടെടുത്ത് ..,
ശ്രുതി ഭംഗികൾ തിരികെച്ചേർത്ത്..,


ആശ്വാസമരുളുന്ന വിരൽ സ്പർശത്താൽ ,
അശരണമായിരുന്ന  ഹൃദയതന്ത്രികളിൽ,
ദൈവാർപ്പണത്തിൻറെ  വിശുദ്ധ സംഗീതം 
നിറച്ചു തന്നു...!
ലോല മനസ്കനും , ദൃഡചിത്തനുമായ 
ആ ആത്മാവിൻറെ ഭിഷഗ്വരൻ  ..!

വേദനയും മധുരവും ഒന്നാണെന്ന് 
അന്നേരമാണ് ഞാൻ കണ്ടുപിടിച്ചത് ...!
ഹൃദയം സ്പന്ദിക്കുന്നത്,
ഈ നശ്വര ശരീരത്തിലല്ലയെന്നും- ,
അന്നേരമാണ് ഞാൻ കണ്ടു പിടിച്ചത് ..!
ആത്മാവിലെ ആ ശസ്ത്രക്രിയക്ക് ശേഷം ...!

കാല ഭേദങ്ങൾ ,
ഇപ്പോഴെന്നെ ബാധിക്കുന്നേയില്ല..!
അനന്തമായ കാരുണ്യത്തിൻറെ 
സുഖദമായ ഊഷ്മളതയിലാണ് ഞാൻ..!
ദൈവത്തിൻറെ കൈകളിൽ !! 
















No comments:

Post a Comment