Pages

1 July 2013

OZHUKIYETHUVOLAM....

                               ഒഴുകിയെത്തുവോളം.........

 മനസ്സിൻറെ  നിളാനദി
 വേനലറിയുന്നേയില്ല ...
 ഒരു വേള കലങ്ങിയും,
പിന്നെത്തെളിഞ്ഞും , നിറഞ്ഞും
ചിലപ്പോൾ കരകവിഞ്ഞും -
ഒഴുകുക തന്നെയാണ് ..

കൈകുമ്പിളിൽ-
കോരിയെടുത്തു നുണയുമ്പോൾ ,
നാവറിയുന്നത്.,
കണ്ണുനീരിൻറെ  ഉപ്പും,
പുഞ്ചിരിയുടെ മധുരവും..
ചോർന്നു തീരുന്നത്
ഞാനെന്ന ഭാവവും..,
ഉള്ളംകൈയിൽ ബാക്കിയാവുന്നത്
ഒന്നും നേടിയില്ലെന്ന വിനയവും..

ഓർമ്മയുടെ..
തീരങ്ങളിൽ പൂവിട്ട കാട്ടുപൂക്കൾക്ക്
വിശുദ്ധിയുടെ തൂവെള്ള നിറം ..
ഒന്നു മുങ്ങി നിവരുമ്പോൾ ,
കൈകളിൽത്തടയുന്നു -
സ്നേഹത്തിൻറെ നനവുള്ള-
വെള്ളാമ്പലുകൾ..

സ്ഫടികത്തിളക്കമുള്ള  ഓളങ്ങളിൽ-
പ്രതിഫലിക്കുന്ന,
പ്രതീക്ഷകളുടെ ഹൃദയാകാശം ..
അവിടെ,
സപ്തവർണങ്ങളിൽ തെളിഞ്ഞ-
സന്തോഷത്തിൻറെ  മഴവില്ല്..

കണ്ണീർനദിയുടെ ഉള്ളാഴങ്ങളിൽ ,
ജീവിതം ആറ്റിക്കുറുക്കി സൂക്ഷിച്ച -
അനുഭവ പാഠങ്ങളുടെ-
മുത്തും പവിഴവും...

ഇവിടെയും,
മഴ പെയ്തിറങ്ങാറുണ്ട്‌
രാവിൽ ..
ഇറുങ്ങനെ പൂക്കുന്ന -
നക്ഷത്ര പ്പൂക്കൾ കൊണ്ട്
ഹൃദയാകാശം നിറയാറുണ്ട്..

പൂന്തിങ്കൾ പ്പുഞ്ചിരിയിൽ
നിലാവിനെയലിയിച്ചു ,
തൊടിയിലെവിടെ നിന്നോ ...
ഒരു പാതിരാക്കുയിലിൻറെ-
ഗാനമുയരാറുണ്ട് ...!
സ്വപ്നത്തിൻറെ കിനാവള്ളി ,
പടർന്നു പടർന്നങ്ങനെ -
സ്വർഗത്തോളമണയാറുണ്ട്‌...!................... ...

നേർത്തും ,നിറഞ്ഞും ,കവിഞ്ഞും-
നദി ഒഴുകുകയാണ്...
കാപട്യത്തിൻറെ  കന്മഷമേൽക്കാതെ,
വിദ്വേഷത്തിൻറെ  വിഷം കലർന്നിടാതെ ..
അങ്ങോളം  കാക്കണം ...
എല്ലാം കൈനീട്ടി  സ്വീകരിക്കുന്ന -
കാരുണ്യക്കടലിലേക്കു -
ഒഴുകിയെത്തുവോളം ..........!!!!!





5 comments:

  1. ആസ്വാദകര്‍ക്ക് മനസ്സിലാവുന്ന ഭാഷ, ഭംഗിയായ അവതരണം......
    ആശംസകള്‍...

    ReplyDelete
  2. അതിമേനാഹരം
    നന്നായി എഴുതി .... ഭാവുകങ്ങള്...

    ReplyDelete
  3. ഹൃദയംഗമമായ നന്ദി കൂട്ടുകാരീ ......

    ReplyDelete
  4. മനസ്സിൻറെ നിളാനദി
    വേനലറിയുന്നേയില്ല ...
    ഒരു വേള കലങ്ങിയും,
    പിന്നെത്തെളിഞ്ഞും , നിറഞ്ഞും
    ചിലപ്പോൾ കരകവിഞ്ഞും -
    ഒഴുകുക തന്നെയാണ്

    ReplyDelete