Pages

29 August 2014

Some thing about life...

I am living my own life..and the life of those before me...I am dying my own death..and the death of those after me...


             ജീവിതത്തെപ്പറ്റി ചിലതെല്ലാം....


സംസാരിക്കുകയായിരുന്നല്ലോ നമ്മൾ ...?
ഇടയ്ക്ക്, തിരിഞ്ഞു നോക്കുമ്പോൾ -
നീയില്ല...!
ഒരു കണ്‍ചിമ്മലിൽ , 
എവിടേക്കാണ് നീ മറഞ്ഞു പോയത്?...

എവിടെയാണ് നാം സംസാരിച്ചു നിർത്തിയത്?
വ്യാകുലതകളുടെ അർഥമറിയാത്ത-
ബാല്യങ്ങളെ പ്പറ്റി...?

മഴ നൂലിൻ തുഞ്ചത്തൊരൂഞ്ഞാല് കെട്ടി 
മാനത്തേക്ക് ഊളിയിടാൻ വെമ്പുന്ന 
കൌമാരത്തെ പ്പറ്റി...?

മഴവില്ലഴകിനെ സ്വന്തമാക്കാൻ കൊതിക്കുന്ന,
അന്തമറ്റ നിനവുകളുടെ നീർക്കുമിളകൾ ,
ഊതി വീർപ്പിച്ചു കിനാവു കാണുന്ന -
യൌവ്വനത്തെ പ്പറ്റി ...?

സ്വന്തം നിഴലിൻറെ തണലു പോലുമില്ലാതെ,
ഉച്ചിയുരുക്കുന്ന ഊഷര വാഴ്വിൻറെ പൊരിവെയിലിൽ -
ജീവിത പയോധി ഒറ്റയ്ക്ക് നീന്തുന്ന 
വ്യഥിത മധ്യാഹ്നങ്ങളെ പ്പറ്റി ..?

സ്മൃതി തീരങ്ങളിൽ -
മറവിതൻ മഞ്ഞുറഞ്ഞ വൻകോട്ടക്കുള്ളിൽ-
ആകുലതകളിറക്കിവെച്ച് ,
നിഷ്കളങ്കരായുറങ്ങുന്ന-
വാർധക്യങ്ങളെ പ്പറ്റി...?

പിന്നെയും എന്തൊക്കെയോ...!
ആത്മവിചാരണയുടെ ഉൾ നീറ്റങ്ങളിൽ 
മഴപെയ്തു നിറയുന്നുവോ...?
അല്ല..! ഇതിപ്പോഴും ചോർന്നൊലിക്കുന്ന -
എൻറെ ഹൃദയമേൽക്കൂര തന്നെയാണല്ലോ...?

ഒലിച്ചിറങ്ങുന്ന വിഴുപ്പുകൾ ..
കടുനിറത്തിൽ  കെട്ടു കാഴ്ച്ച പ്പൊലിപ്പുകളാ-
ലൊളിപ്പിച്ചു വെച്ച മുറിവുകൾ ...
കട്ട പിടിച്ച ചോരക്കറപ്പാടുകൾ ...
കഴുകിയിറങ്ങുന്ന മലിന ജലം..

ഉള്ളിലിരുന്ന് വല്ലാതെ വിറകൊള്ളുന്നത്-
ഞാൻ തന്നെയോ..?
കനൽച്ചൂട് കായാനൊരു 
കിനാവിൻറെ കൊള്ളി തിരഞ്ഞ്...,
എന്നോ തിരി കെട്ടു പോയ-
മണ്‍ ചെരാതിൻറെ വെളിച്ചം തിരഞ്ഞ് ...
രാവിൻറെ അങ്ങേയറ്റം വരെ ഞാൻ നടന്നു ...

ഉറങ്ങാത്ത രാപ്പാടിയും -
മൂളുന്ന രാക്കാറ്റും മാത്രം എന്നെക്കണ്ടു...!
തിങ്കളുറങ്ങിയിരുന്നു...
ആകാശ ചെരുവിലെ നക്ഷത്ര പ്പൂക്കളും 
കണ്ണടച്ചു കഴിഞ്ഞിരുന്നു...

നീല നിലാവിൻറെയോളങ്ങളിൽ ,
നിദ്രയിലാഴ്ന്ന വിജനതയിൽ ...
ഇലത്തുമ്പിൽ തുളുമ്പിയ ഹിമ കണത്തിൽ ..
ഇതൾ കൂമ്പിയ പൂവിൻറെയുൾത്തടത്തിൽ ..
ഒരു മൗനം പിടഞ്ഞു മിടിച്ചിരുന്നു...
വാക്കായി പിറക്കാൻ 
പഴുതില്ലാത്തൊരു മൗനം ...!

എന്നോ പെയ്ത മഴകളൊക്കെയും,
ചോർന്നൊലിക്കുകയായിരുന്നെൻറെ 
തുള വീണ ഹൃദയത്തിൻ മേല്ക്കൂരമേൽ...!
എന്തൊക്കെ കണ്ടുവെന്നോ ,
എവിടൊക്കെയലഞ്ഞുവെന്നോ, ശരിക്കോർമ്മയില്ല ..!

വീണ്ടുമൊരു കുഞ്ഞായി ,
ഉമ്മ കുളിക്കാൻ വിളിക്കുമ്പോൾ 
നനയാൻ മടിച്ച് ഓടിയൊളിച്ചതോർക്കുന്നു...!
അതേ ചെറിയ കുട്ടി തന്നെ, 
തൻറെ മകളെ കുളിപ്പിക്കാൻ ,
അവൾക്കു പിന്നലെയോടുന്നതും...!
നനയാൻ  മടിച്ചവൾ  കരയുന്നതും..!
പരിഭവങ്ങളും ,ശാസനകളും ..
പൊട്ടിച്ചിരികളും .മുഴങ്ങുന്നുണ്ടായിരുന്നു...!
പിന്നെ ഞാൻ എവിടെപ്പോയി...?

ഓർക്കുന്നു.....
ഞാൻ നിന്നിരുന്ന ,
വിജനമായ ഒറ്റയടിപ്പാതയുടെ അങ്ങേയറ്റത്ത്‌ ...
തെളിഞ്ഞു കത്തുന്ന ശരറാന്തൽ കൈയിലേന്തി,
ഇരുൾ ചീളുകൾ വകഞ്ഞു മാറ്റി 
നടന്നു നീങ്ങുന്നൊരു ശുഭ്ര വസ്ത്രധാരിയെ കണ്ട്- 
സ്വയം മറന്നു നിൽക്കുമ്പോൾ ...
ഇടയ്ക്ക് കാണാതായ നീ തന്നെയാണല്ലോ -
വന്നെന്നെ തട്ടിയുണർത്തിയത് ...!

ഒരു കണ്‍ ചിമ്മലിൽ 
ഇടറി വീഴുന്ന നൈരന്തര്യം..!
കലങ്ങിയ മഴവെള്ളം പോലെ..
ഒഴുകുകയാണല്ലോ ..
ജീവിതപ്പുഴ പിന്നെയും...!

ഒന്നു നിൽക്കാനോ ,തിരിഞ്ഞു നോക്കാനോ ..-
പ്രിയനഷ്ടങ്ങളിലേക്ക്  ഓടിയണയാനോ കഴിയാതെ...
ഉന്തി നീക്കി ..,ആർത്തലച്ചു വരികയല്ലേ ,
പിന്നിൽ നിന്നും-
ആരുടെയൊക്കെയോ ജീവിതാർത്തികളുടെ  പ്രളയജലം !
ഇനിയും വന്നു- പോകാനുള്ളവരുടെ 
നീണ്ട നിരകൾ......!!!



  







2 comments:

  1. കവിത വല്യ കുഴപ്പമില്ല... പക്ഷേ... കാവ്യഭംഗി തോന്നിക്കുന്ന വാക്കുകളുടെ അതിപ്രസരം വായനയെ ഇത്തിരി നിറം കെടുത്തി.... ഒന്ന്‍ ആറ്റിക്കുറുക്കിയാല്‍ ഇത് നല്ലൊരു കവിതയാവും എന്നെനിക്ക് തോന്നുന്നു... :)

    ReplyDelete
  2. മിന്നി മറയുന്ന മിന്നാമിനുങ്ങായി
    മുന്നിൽ തെളിയുന്നു പിന്നെയുമിന്നലെ..

    ReplyDelete