Pages

12 October 2012

Kosowo..

WRITTEN FOR A CAMPAIGN AGAINST WAR...

   കൊസോവോ ....


കൂരിരുള്‍ തിങ്ങുമാ കാട്ടിന്‍ നടുവിലെ ,
കാണാത്ത  പൈങ്കിളി തേങ്ങീ ...
കേള്‍ക്കുവാനാരുണ്ടീ  ദീന വിലാപങ്ങള്‍ 
കേള്‍ക്കാതിരിക്കുമോ  നാഥന്‍..!

ആരേ കൊടുക്കുമീ കുഞ്ഞിന്നു പൈംപാല്‍ 
പൊരിയും വിശപ്പൊന്നു മാറ്റാന്‍ ..?
വിങ്ങിക്കരയുന്നതാരുടെ  പെങ്ങള്‍...?
പൊട്ടിച്ചിരിക്കുന്നു ശെയ്ത്താന്‍ ..

കാണുവാനില്ലേയീക്കണ്ണീരും  ദൈന്യവും 
കാരുണ്യമുള്ളോരു  കണ്ണും ...?
കേള്‍ക്കുവാനാരുണ്ടീ ദീന  വിലാപങ്ങള്‍ 
കേള്‍ക്കാതിരിക്കുമോ  നാഥന്‍ ...!

കത്തിക്കരിഞ്ഞോരീ  മണ്ണും , ഉടലുകള്‍ 
കുത്തിത്തുളച്ചോരാ' ഗണ്ണും'.,
മരണം വിതച്ചൊരു സൈന്യം ,
നരകത്തിന്‍ കൊടുമയിലാണ്ടൊരു  സംഘം ..

കൊന്നോടുക്കീയവര്‍  നന്‍മയെല്ലാം 
' മീലോസേവിച്ചി'ന്‍റെ  സൈന്യം ..!
പൊങ്ങും കരിപ്പുകയെങ്ങും  നിറഞ്ഞു 
മണ്ണിതു  തീയേറ്റു  വാടീ ..
തീ നാളമുണ്ടു  കറുത്തു  പോയാകാശം 
കത്തി ക്കരിഞ്ഞു  ഗ്രാമങ്ങള്‍ ...!

കൂടോഴിഞ്ഞോരോ  പറവയും പോയി,
തീ കാണാത്ത  കൊമ്പുകള്‍ തേടി ...
നീളും പുഴയിതു  നിശ്ചലം നിന്നു 
നീരിതു  ചുടു ചോര മാത്രം ...!

വെള്ളമില്ലാ,യിറ്റു  കണ്ണു നീരില്ല 
പൊള്ളുമുള്ളങ്ങള്‍  തണുക്കാന്‍ 
മഴക്കാറു മില്ല,  കണ്ണീരാറുമില്ല  
കാളുമീ  തീയൊന്നണയ്ക്കാന്‍...!

കാണുവാനില്ലയീക്കണ്ണീരും ദൈന്യവും    
കാരുണ്യമുള്ളോരു  കണ്ണും...
കേള്‍ക്കുകയില്ല  ബധിരമാം ചെകിടുകള്‍ 
കരളലിയുന്ന  വിളികള്‍ ...!

കൂരിരുള്‍ തിങ്ങുമാ ക്കാട്ടിന്‍  നടുവിലെ 
കാണാത്ത  പൈങ്കിളി  തേങ്ങീ ..
എന്നിങ്ങുദിക്കുമീ തീരത്തു  വീണ്ടും 
പൊന്നിലാവെറിയുന്ന തിങ്കള്‍ ..?

നിറയും ശവക്കൂന , കരയുന്ന മണ്ണിതില്‍ 
ജീവന്‍ തുടിക്കുന്ന നാളെന്ന് ...?
ഹൃദയം കരിഞ്ഞോരീ  മണ്ണിന്നു നനവായി 
പുതുമഴ പൊഴിയുന്ന നാളെന്ന് ...?

കൊടുമകള്‍  മാറീ , നന്മകള്‍ പുഷ്പിച്ചു 
വിളകള്‍ കൊയ്യുന്ന നാളെന്ന് ...?
കറകാണാ മാനവ സ്നേഹ സഹോദര്യ -
ക്കാറ്റലയാവുന്ന  നാളെന്ന് ...?

പച്ചപ്പിന്‍ ചില്ലയില്‍ പറവകള്‍ താണെത്തി 
പാട്ടുകള്‍ പാടുന്ന  നാളെന്ന് ...?
തെളിനീരു  തട്ടിത്തെറിപ്പിച്ചു  കുട്ടികള്‍ 
പൊട്ടിച്ചിരിക്കുന്ന  നാളെന്ന് ...?

കൂരിരുള്‍ തിങ്ങുമാ  കാട്ടിന്‍ നടുവിലെ, 
കാണാത്ത പൈങ്കിളി തേങ്ങീ ...
കാണുവാനില്ലയിന്നാരുമീ വേദന 
കാണാതിരിക്കില്ല  നാഥന്‍ ...!
കാണാതിരിക്കില്ല  നാഥന്‍...!! 






3 comments: