Pages

5 November 2012

Kaathirippu...

                                           കാത്തിരിപ്പ്‌ ...


എന്‍റെയാത്മാവ് ,
അനന്തതയിലേക്ക് ചിറകടിച്ചുയരാന്‍ വെമ്പല്‍ കൊള്ളുന്ന 
ഒരു പക്ഷിക്കുരുന്നാണ് ...!
അനശ്വരതയുടെ തമ്പുരാന്‍ ,
എഴാകാശങ്ങള്‍ക്കും മുകളില്‍ -
മേഘപാളികള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന് ,
സ്വര്‍ഗീയ സിംഹാസനത്തില്‍ നിന്നും 
കൈകള്‍ നീട്ടി ,പുഞ്ചിരി പൊഴിക്കുന്നു ...!
ആ കൈത്തലമാണെന്‍റെ  അഭയസ്ഥാനം ....!!
അവിടെയെത്തിച്ചേരാന്‍ ,
നന്‍മയുടെ ചിറകുകള്‍ വീശി പറന്നുയരണം ...
വെയിലില്‍ തിളങ്ങുന്ന വെണ്മേഘത്തുണ്ടു പോലെ-
തിളക്കമാര്‍ന്ന , ലാഘവമേറിയ ,
നന്‍മയുടെ  ചിറകുകള്‍...!
കാരുണ്യത്തിന്‍റെ  കുളിര്‍തെന്നലേറ്റ് ,
ക്ഷീണമറിയാതെ , അതു  പറന്നുയരും...!

പക്ഷെ..,
എന്‍റെ  ചിറകുകള്‍ , മുളച്ചു വരുന്നതെയുള്ളു...!
എത്ര ചെറുത്‌ ...!!
എന്‍റെ ചിറകുകള്‍ക്ക് ബലം വെയ്ക്കുന്ന നിമിഷം വരും...
ഓരോ സല്‍പ്രവര്‍ത്തിയും,
എന്‍റെ ചിറകുകള്‍ക്കു ബലമേകാന്‍ -
പുതുതായി മുളയ്ക്കുന്ന ഓരോ തൂവലാണ് ...!
ഓരോ പ്രാര്‍ഥനയും ,
എന്‍റെയാത്മാവിന്   ഉണര്‍ത്തു പാട്ടാണ് ...
ഉയര്‍ന്നു പൊങ്ങാന്‍ ബലം നല്‍കുന്ന സങ്കീര്‍ത്തനങ്ങള്‍ ...!

എനിക്കു  ചുറ്റും ..
ഭൗതിക ജീവിതവിഭവങ്ങളൊരുക്കുന്ന കാഞ്ചന ക്കൂടിന്‍റെ ,
കണ്ണഞ്ചിപ്പിക്കുന്ന പകിട്ടുകള്‍ ...!
കണ്ണുകളില്‍ ചൂഴ്ന്നിറങ്ങുന്ന മഞ്ഞള്‍ പ്രഭ -
അസഹ്യമാവുമ്പോള്‍ ..,
കുഞ്ഞിക്കിളി വേദനയോടെ, കണ്ണുകള്‍ വലിച്ചടയ്ക്കുന്നു ...!
അകക്കണ്ണില്‍...
അമ്മക്കിളിയുടെ സ്നേഹവായ്പോടെ 
കരുണ പൊഴിക്കുന്ന കണ്ണുകളുടെ ശാന്തി ഗീതം...!
പ്രാര്‍ഥനാ നിര്‍ഭരമായ നിശബ്ദതകള്‍ക്ക് പോലും ,
എത്ര ആഴങ്ങള്‍...!!!
എങ്കിലും...
ഹാ, കഷ്ടം...!
എത്ര പ്രാര്‍ഥനകളുടെ പിന്‍ബലം വേണം ..
ഞാനെന്ന ഗര്‍വ്വം തീര്‍ത്ത കന്മതില്‍  പൊളിക്കുവാന്‍ ...?!
കാഞ്ചനക്കൂടിന്‍റെ  വാതില്‍ തുറക്കുവാന്‍...?!
ഇനിയും..,
എത്ര തൂവലുകള്‍ വേണം..
വാഗ്ദത്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരുവാന്‍...?!!!









2 comments:

  1. ഇനിയും..,
    എത്ര തൂവലുകള്‍ വേണം..
    വാഗ്ദത്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരുവാന്‍...?!!!

    ReplyDelete
  2. നിത്യ സത്യത്തിലേക്ക് ഉയരാനുളള ആത്മാവിന്‍റെ ഉന്മാദം പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലല്ലോ...

    ReplyDelete