Pages

12 October 2012

maru mozhi..

                                              മറുമൊഴി ....


മറു മൊഴിയോ ..?
കേള്‍ക്കൂ ..
നിന്‍റെ  ഗൃഹാതുരത്വങ്ങള്‍ക്കു  കാതോര്‍ക്കാന്‍ 
എനിക്കു  ശ്രവണേന്ദ്രിയങ്ങളില്ല....!
നീ വേദനയാണ് ...
നിന്‍റെ  ഓര്‍മ്മകളും ..,നിന്‍റെ  കാരുണ്യവും ..
നിന്‍റെ  സ്നേഹവും..,നിന്‍റെ  ദയയും ..,
വേദനയാണ് ...!

എനിക്കു  ചിരിക്കണം..ആഹ്ലാദിക്കണം..
അതിനാല്‍  കേള്‍ക്കൂ ..
നിന്നെയെനിക്കാവശ്യമില്ല ...!
നിന്‍റെ വഴികളില്‍ മുള്ളാണ് ..കൂര്‍ത്ത കുപ്പിച്ചില്ലുകളാണ് ..
എനിക്ക്, കാലു നോവാന്‍ വയ്യ ...!

നീയെനിക്കായി  പ്രാര്‍ഥിക്കരുത് ...,നീയെനിക്കു -
നന്മകള്‍ ആശംസിക്കരുത്‌ ...!
ഞാന്‍ നല്‍കിയ തീരാവേദനകളില്‍ പദമൂന്നി നിന്ന് 
നീയെനിക്കു  നന്മകള്‍ ആശംസിക്കയോ ...?

നിന്‍റെ  പൊള്ളുന്ന സ്നേഹ പ്രപഞ്ചത്തിലിട്ട് ,
എന്നെ മുക്കിക്കൊല്ലരുത് ...
എനിക്ക് ജീവിക്കണം..!
ദയയില്ലാത്ത .., സ്നേഹമില്ലാത്ത ..,കാരുണ്യമില്ലാത്ത ലോകത്ത് .,
എനിക്കു  ജീവിക്കേണ്ടതുണ്ട് ...!

അടുക്കരുത് നീ വീണ്ടും... 
എനിക്ക് മുഖങ്ങള്‍ പലതാണ് ...
നീ കാണാത്ത ..,കാണാനാഗ്രഹിക്കാത്ത  മുഖങ്ങള്‍...!

സാന്ത്വനങ്ങളോ..?
മരിച്ച വാക്കുകള്‍  .. സാന്ത്വനങ്ങളാകുമോ ...? 
ജഡത്വമാര്‍ന്ന  നാവിനു സാന്ത്വനം  പകരാന്‍ കഴിയുമോ ..?
നീ കേള്‍ക്കൂ ..

എന്‍റെ മനസ്സ് ..,
കോള്‍ഡ് സ്റ്റോറേജില്‍  സൂക്ഷിക്കുന്ന 
ചത്ത മാംസമാണ് ...!
പുറത്തെടുക്കാന്‍  നീ മെനക്കെടരുത്‌ ...
ചീഞ്ഞു നാറും ...!
നീയും.., ഓടിയകലും ...!

അകലുക....
അകലങ്ങള്‍ .., നിനക്കു  സുരക്ഷിതത്വമേകും ..
ദൂരെ.. ദൂരെ...
പ്രയാണങ്ങള്‍ ഇനിയും , 
നിനക്കായ്‌ എത്രയുണ്ട് ബാക്കി...!
നിന്‍റെ  കടിഞ്ഞാണ്‍  നീ തന്നെ കൈയാളുക..!

നിന്‍റെ യുള്ളിലെ കൈ വിളക്കിന്‍റെ  ഇത്തിരി വെട്ടം 
എനിക്കിപ്പോഴും കാണാം...!
അത് നിനക്ക് കൂട്ടാവും ..
പോകൂ ...
ഞാന്‍ പ്രാര്‍ഥിക്കാം..
നിനക്കായി മാത്രമല്ല .. 
നന്‍മ  നിറഞ്ഞ  എല്ലാവര്‍ക്കുമായി .... 

കാരണം.,
പെണ്‍ ചിലന്തികള്‍ വല നെയ്യുന്നുണ്ട് ...
ചിരിച്ചു മയക്കി , സംഹരിച്ചാഹരിക്കാന്‍ ...!
വീണ്ടും ചിരിക്കാന്‍..!

അവയ്ക്കും വേണ്ടതു , നല്ലവരെയാണ് ...
നിന്നെപ്പോലെ, ദയയാര്‍ന്ന മനസ്സിന്‍റെ 
ദൗര്‍ബല്യം  പേറുന്നവരെ ...!

കാരണം നീയറിഞ്ഞോ ..?
നിന്നെ മയക്കാന്‍ എളുപ്പമാണ് ...
കേള്‍ക്കൂ ....
 
പതിയിരുന്നു  ചോരയൂറ്റുന്നവരെ ..,
ചിരിച്ചു കൊണ്ടു  കൊല്ലാന്‍  വരുന്നവരെ ..,
നിന്‍റെ  ജീവിതം കളിപ്പാട്ടമാക്കുന്നവരെ ..,
നീ തിരിച്ചറിയുക....!

(നിനക്കവരെ തിരിച്ചറിയുക പ്രയാസമാണ് ...
നീയെന്നെ തിരിച്ചറിയാത്തതു  പോലെ ...!)

തുഴയുക...!
നിന്‍റെ  തുഴകള്‍ നിന്നെ നയിക്കും...
അകലേക്ക്‌ ... വീണ്ടുമകലേക്ക് ...,
തിരകള്‍ തൊഴിച്ചകറ്റും  മുന്‍പ് , അവയ്ക്ക് മുന്‍പേ ..
തുഴകള്‍ ജലപ്പരപ്പില്‍  അമര്‍ത്തി തുഴഞ്ഞു മുന്നേറുക.....!

പേടിക്കേണ്ട... 
നിന്‍റെ കൊച്ചു തോണി , 
കൊടുങ്കാറ്റിലും  കൊച്ചോളത്തിലെന്നപോലെ ,
പയ്യെ ചാഞ്ചാടി  മുന്നോട്ടു തന്നെ പോവും ...!
നിന്‍റെ  ഭാരം  തോണിക്ക് താങ്ങാം ..
( തിന്മകളുടെ ഭാരം നിനക്കില്ലയല്ലോ ...)

തളര്‍ന്നാലും , നീ തിരികെ വരരുത്...
തിരിഞ്ഞു നോക്കരുത് ...
ഗതാകാലങ്ങള്‍  നിന്നെ തടവുകാരനാക്കരുത്....!
നീ  നിന്‍റെ തന്നെ  തടവുകാരനായാല്‍ ..
നിനക്കാരാണ്  സ്വാതന്ത്ര്യം  തരുക...?   

കേള്‍ക്കൂ ...
നീ വെറുമൊരു  വിഡ്ഢിയാകരുത്...!
ജനനത്തിലും ..,മരണത്തിലും..,
ഇടയിലെയീ  മുഷിപ്പന്‍ യാത്രയിലും ...,
നിന്‍റെ  സഹയാത്രികര്‍ ..
നിന്‍റെ  സ്വന്തമെന്നു നീ കരുതുന്നുവോ ....?

വിഡ്ഢിയാകരുത് ...!
എല്ലാ പരീക്ഷണങ്ങളിലും , നീ  തനിച്ചാണ് ......!
എല്ലാ  പരീക്ഷണങ്ങളിലും ,
നീ ..
തനിച്ചാണ്........!! 

 


No comments:

Post a Comment