Pages

30 October 2012

maranathinappuram....

നീ എന്നില്‍ നിന്നോ ഞാന്‍ നിന്നില്‍ നിന്നോ  വേര്‍പിരിയുമ്പോള്‍ , ഇത്ര നാളും നീ സഹവസിച്ചത് പിരിയുന്നവനിലല്ല , ചേരുന്നവനിലായിരുന്നു  എന്ന  അറിവ് നിനക്കു  ലഭിച്ചുവെങ്കില്‍ ...., അത് മാത്രം മതി..,നിന്‍റെ  എല്ലാ തെറ്റുകളും പൊറുക്കപ്പെടാന്‍........ !

 

മരണത്തിനപ്പുറം...


വേനലും  പിന്തുടര്‍ന്നെത്തുന്ന വര്‍ഷവും ,
വറുതിയും പിന്നെ വിള തന്‍ സമൃദ്ധിയും ,
ചുട്ടു പൊള്ളിക്കും നട്ടുച്ച സൂര്യന്‍റെ 
ദൃഷ്ടി പതിഞ്ഞു കരിഞ്ഞ പുല്‍ നാമ്പും ..

വിണ്ടു കീറിയ വയലിന്‍റെ നീറുന്നോ -
രുള്ളുണര്‍ത്തി തേന്‍ പൊഴിയുന്ന മഴയും..
തുള്ളി തിമര്‍ക്കുന്ന പുല്‍ക്കൊടിത്തുമ്പും 
കാണുന്ന കണ്ണുകള്‍ കാണുന്നതെന്തിനെ ...?

ഇരുള്‍ മേടയില്‍ മറയുന്ന സന്ധ്യ തന്‍ കണ്ണീരും
പൂനിലാചിരിയുമായ് തെളിയുന്ന തിങ്കളും 
പിരിയുന്ന നേരത്ത് രാവിന്‍ വിളര്‍ച്ചയും 
പിന്നെയും പുലരി ത്തുടുപ്പിന്‍റെ ഭംഗിയും 
അറിയുന്ന കണ്ണുകള്‍ അറിയുന്നതെന്തിനെ...?

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടറിയുന്ന കാഴ്ചയ്ക്കു-
കേവലത്തിരശീല തീര്‍ക്കുന്ന മരണമേ ,
അതാര്യമായ നിന്‍ മറകള്‍ക്കുമപ്പുറം 
തെളിയുന്നതാത്മാവിന്‍ ഹര്‍ഷോന്‍മാദ രഹസ്യങ്ങള്‍...!

പാഥേയം കരുതേണ്ട തില്ലാത്ത യാത്രയില്‍ 
പാതി വഴിക്കു മുടങ്ങാത യാത്രയില്‍ 
പാരിലുപേക്ഷിച്ചു പോകുന്നതെന്തു നാം 
പാഴ്വസ്തുവായൊരു ദേഹമിതല്ലാതെ ...!

മരണം വിരുന്നെത്തും നേരമതേതെന്ന-
റിയില്ലെനിക്കും നിനക്കുമതെന്നാലും,
മരണം മനോഹരമായൊരു പാലം,
പ്രണയിയെ, പ്രിയതമനിലേയ്ക്കണച്ചിടും കാലം...!

കാത്തിരിക്കുന്നിതാ പാലം കടക്കുവാന്‍ 
സ്നേഹ വായ്പോടെ നിന്‍ കൈകള്‍ പിടിക്കുവാന്‍ ,
ഓടിയണഞ്ഞിടാന്‍ , മാറത്തു ചേര്‍ന്നിടാന്‍...
അറിയാത്ത കാലത്തില്‍, അറിയാഗൃഹമതില്‍ 
അറിയുന്നതൊന്നിനെ .., നിന്നെ മാത്രം.....!!

കാത്തിരിക്കുന്നു ഞാന്‍ സമാധാനം പ്രാപിക്കുമാത്മാവു-
കാംക്ഷിക്കും കാഴ്ചകള്‍,സഞ്ചാര വീഥികള്‍ ..
പാടാത്ത പാട്ടിന്‍റെ യാനന്ദവും ..,
കേള്‍ക്കാത്ത സംഗീത മാധുര്യവും..,
അലകളായുയരുന്ന താഴ്വാരങ്ങള്‍ ...!
മുക്തിതന്‍ മഴവില്ലുപൂക്കുന്ന ചക്രവാളങ്ങളില്‍-
പ്പാറുന്ന ശാന്തിതന്‍ വെള്ളരിപ്രാവുകള്‍ ...!

വെറുതെയാക്കല്ലേ നാഥായെന്‍ വാക്കും, വരികളും ..
വെറുതെയാക്കല്ലേയെന്‍റെ കൊതിയും, കിനാക്കളും.. ,
വെറുതെയാക്കല്ലേയെന്‍ ശ്രമ, വിശ്രമങ്ങളും...
പൊറുക്കണേ നീയെന്‍റെ കവിതയും, കണ്ണീരും...!!!










  


  
  

3 comments:

  1. മരണം മനോഹരമായൊരു പാലം,
    പ്രണയിയെ, പ്രിയതമനിലേയ്ക്കണച്ചിടും കാലം...!

    ഇത് സത്യമോ?

    ReplyDelete
  2. sathyam...! bhauthika pranayathil ninnum viramichavannu.. prapanchathinte praneswarane thiricharinjavannu ithu sathyam....!

    ReplyDelete
  3. Beautiful thought n words... Touchwood....

    ReplyDelete