Pages

16 October 2012

Samaadhaana theeram..

                                          സമാധാന തീരം 

നങ്കൂരമില്ലാതെ  നടുക്കടലില്‍..
നാവികനെ നഷ്ടപ്പെട്ട കപ്പലായ്,
ജീവിത വേലിയേറ്റങ്ങളിലോരോന്നില്‍ ,
ചുഴികളില്‍ , കൊടും മലരികളില്‍ ,
നിലയില്ലാതെ ഞാനുഴറിയപ്പോള്‍ ,
നങ്കൂരമായവിടുന്നോടിയെത്തി...!

പടുതിരി കത്തിയമര്‍ന്നു ,
ഇരുള്‍ മൂടിയ എന്‍റെ  ഹൃദയ പന്ഥാവില്‍ 
സൗമ്യ ശോഭയോടെ വെളിച്ചം വിതറി ,
ഒരു പൊന്‍ തിരി തെളിഞ്ഞു ...!

അഴലുകള്‍ ഊതിയുണക്കി,
കനിവിന്‍റെയുറവയായ്‌ 
കിനിഞ്ഞിറങ്ങിയ  ദിവ്യപ്രകാശം...!
മാഞ്ഞുപോയ്‌ മായക്കാഴ്ചകള്‍,
തെളിഞ്ഞു  നിറചിരിയായ് 
ശവ്വാല്‍പ്പിറയെന്‍റെ  ഖല്‍ബകത്തിലും ...!

കരളിലെ കലര്‍പ്പുകള്‍ കഴുകിയെടുത്തെന്‍റെ  
കൈകള്‍ പിടിച്ചിതാ പിച്ച നടത്തുന്നു ..
കനലുകലെരിഞ്ഞോട്ടെ ,
കൊടുവേനലെരിഞ്ഞോട്ടെ  ജീവിതം 
തളരേണ്ട നീയെന്നു തഴുകിത്തലോടുന്നു...!

തരളനേത്രങ്ങള്‍ കരുണാപ്രവാഹത്താല്‍ 
നീരണിയുന്നതു  കണ്ടെന്‍  
ഖല്‍ബകം കുളിരണിയുന്നു ..
സൗമ്യദീപ്ത പ്രകാശ ധാരയാല്‍,
നെഞ്ചകം  നനച്ചെന്നെ മാറോടുചേര്‍ക്കുന്നു ...!
കുടിച്ചു വറ്റിച്ച ചവര്‍പ്പിന്‍റെ കടലുകള്‍ ,
കനിവിന്‍റെ മധുപാത്രമായ് പുതുപിറവിയെടുക്കുന്നു ...!

വേനലും ,വര്‍ഷവും ,വാസന്തവും ,
ഋതുക്കള്‍ പിന്നെയും വിടര്‍ന്നു കൊഴിയട്ടെ ..
ആഴികള്‍ അലറി വിളിച്ചോട്ടെ ,പര്‍വതം 
ശിഖരങ്ങളോരോന്നു ചിതറിത്തെറിച്ചോട്ടെ ,

താരകങ്ങള്‍ നിലതെറ്റി വീണോട്ടെ ,
സൂര്യചന്ദ്രന്‍മാര്‍ ഒന്നിച്ചു ചേര്‍ന്നോട്ടെ 
ഭയപ്പെടില്ല ഞാന്‍ ,അവിടുത്തെ കൈകളെന്‍ 
കൈയ്യുപിടിക്കുമ്പോള്‍ ,ചുമലുകള്‍ താങ്ങുമ്പോള്‍ ...!

എത്ര കൊടുങ്കാറ്റുകള്‍ മദിക്കട്ടെ  ,
യെത്രയിരുള്‍ വീഥികള്‍ താണ്ടുവാന്‍ കാണട്ടെ ,
ഭയപ്പെടില്ല ഞാന്‍ കെട്ടുപോകാതുലയാതെ ,
യവിടുത്തെ പൊന്‍തിരിനാളമെന്‍  ,
ഹൃത്തില്‍ ജ്വലിക്കുമ്പോള്‍ ...!

നിഴല്‍വക്കുകളില്‍ നിശബ്ദ നിലാവെട്ടമാ ,
യവിടുത്തെ നിര്‍മ്മല സ്നേഹ വായ്പെന്നെ പൊതിയുമ്പോള്‍ ..
കാലിടറി വീഴാതെ കൈ പിടിക്കും കരുണയായ് 
ചേര്‍ത്തണച്ചെന്‍റെ  മുന്നില്‍ നടക്കുമ്പോള്‍ ...!

ഉള്ളകം കത്തിയെരിഞ്ഞാലും ഉള്‍ച്ചൂട്
പ്രസരിപ്പിച്ചെന്‍റെ  വഴികളിലവിടുന്നു ,
വിളക്കായെരിയുമ്പോള്‍ ...!
നീര്‍ വാര്‍ക്കും  കണ്ണുകളുടെ കാരുണ്യഹാസത്താല്‍ 
സ്നേഹ വിശ്വാസങ്ങളുടെ ഇമയനക്കങ്ങള്‍ 
അവിടുന്നെനിക്കായ്‌ വിടര്‍ത്തുന്ന നേരത്ത് ,

ഹബീബെ  , തളരുകയില്ലെന്‍റെ പാദങ്ങള്‍ 
മരുഭൂവു  താണ്ടി ചുടു ചോര പൊടിക്കിലും,
പിടയുകയില്ലെന്‍റെ  ദുര്‍ബല ഹൃത്തൊരു 
ഞൊടിനേരവും , കൂര്‍ത്ത കല്ലുകള്‍ കൊണ്ടെ ന്‍റെ 
ദേഹം മുറിയിലും , ദേഹി ചിരിച്ചിടും...!

പച്ചപ്പുല്‍ നാമ്പിനു ജീവജലം പോലെ,
യവിടുത്തെ കരുണാ പ്രവാഹമെന്‍ സിരകളില്‍
കുളിരരുവിയായൊഴുകി തളിര്‍പ്പിക്കും ..
കളകള്‍  പറിച്ചു വെടിപ്പാക്കി നന്‍മകള്‍,
തഴച്ചു പുഷ്പിച്ചു വിരുന്നൊരുക്കും...!

ഒരു നാളിലും പിരിയാത്ത വഴി കാട്ടിയായ്‌ 
അവിടുന്നെന്‍ കരങ്ങള്‍ കവര്‍ന്നതു നാഥന്‍റെ 
തിരുക്കരങ്ങളോട്  ചേര്‍ത്തിടുമ്പോള്‍ ..
നാഥാ .., തിരഞ്ഞു, തിരഞ്ഞു പൂതി വെച്ചു നടന്നൊരാ 
നിധികുംഭമെന്‍ കൈയ്യില്‍ തടഞ്ഞിടുന്നു ...!
വിജയത്തിന്‍ കസ്തൂരി ഗന്ധം പരന്നിടുന്നു ...!

നോവിന്‍റെ കടലുകള്‍ താണ്ടി ഞാനൊടുവില്‍ 
സമാധാന തീരത്തെന്‍ തോണിയടുപ്പിക്കുന്നു...!
തൊഴിച്ചകറ്റുകയില്ലാ ,തിരകളെന്‍ ചെറുതോണി ..
സമാധാന തീരത്തു ഞാനിനി കണ്ണടയ്ക്കും ...!
എന്‍റെ  നാഥന്‍റെ  സ്തുതികളുതിര്‍ത്തു കൊണ്ടേ ......!!!







1 comment: