Pages

19 August 2013

IDARCHAKAL...

                                         ഇടർച്ചകൾ 



അനന്തതയിലേക്കീ  യാത്രാ  വഴികളിൽ ...
എന്തിനറിയാതെൻറെ   കാലുകളിടറുന്നു ..??
അപാരതയുടെ തമ്പുരാനേ ..!
നനവു ചാലിട്ട വഴികൾ  വിസ്മരിച്ചു -
ഉറവുകൾ ഉണങ്ങിയൊടുങ്ങുമ്പോൾ...

നീളുംവഴികളിൽ,
  മരീചിക,  കണ്‍!കെട്ടുകാട്ടിയെൻ -
ദാഹം പെരുക്കുമ്പോൾ...
നിൻറെ ജീവജലത്താൽ എൻറെ ദാഹം കെടുത്തുക...!
ലക്ഷ്യത്തിലേക്കെന്നെ  വഴിനടത്തുക നാഥാ..!


നിൻറെ  കണ്ണുകളിലെ
 അപാരമായ കാരുണ്യംമാത്രമാണ് ,
വിശപ്പൊടുങ്ങാത്ത എൻറെ ആത്മപാഥേയം ....!
ആത്മാവിൽ നീ കത്തിച്ചു വെച്ച 
ചെറുതിരിനാളമാണ് ..
ജീവിത മരുഭൂവിലെ ഇരുളുകളിൽ എനിക്കഭയം..!

മരുഭൂവിലെ ഉഷ്ണക്കാറ്റിൽ
  ആളിയമർന്നണഞ്ഞു പോകാതെ,
എന്നിലെ  നിന്നെ നീ കാത്തു കൊള്ളണേ ... !
നിൻറെ തേജസ്സാൽ തിളങ്ങുന്ന
 ചില്ലുപാത്രം മാത്രമാണ് ഞാൻ..
ഉടഞ്ഞു പോകാതെ  നീ കാക്കണേ നാഥാ...!
നീളും വഴികളിലെ..
 നിലവിളിക്കുന്ന നിശബ്ദതകൾ  താണ്ടി..
നീട്ടിയ ആ കൈകളിൽ എത്തിപ്പിടിക്കും മുൻപേ..
തമ്പുരാനെ , നൊന്തു കീറിയ കാലടികളുമായി ,
ഞാൻ ഇടറി വീഴാതെ, താങ്ങണേ ...!

നിലക്കാത്തൊരു മിടിപ്പിൻറെ.
തേടലുമായി  ,ശാന്തി തേടി-
 കൂടു വിട്ടു പറന്നു പൊങ്ങുന്ന ജീവാക്ഷരങ്ങൾ..
അടഞ്ഞ ഹൃദയ വാതിലിൽ ത്തട്ടി ,
തല തല്ലി തകർന്നു  വീഴാതെ,
മരിച്ചിട്ടും, മരിക്കാതെ.. 
പല്ലിയുടെ വേർപെട്ട  വാലുപോൽ 
പിടയാതെ കാത്തു കൊള്ളണേ ...!

സ്വാർഥ മോഹങ്ങളുടെ വിഴുപ്പും,
ഭൌതിക പ്രതീക്ഷകളുടെ,
 വ്യർഥമാം മാറാപ്പും ഞാൻ വലിച്ചെറിയാം .....!
നീണ്ടു നീണ്ടു മുന്നേറുന്ന വഴികൾ
 ഇനിയുമെത്ര താണ്ടേണ്ടതുണ്ട് പ്രഭോ... 
കനിവോടെയെൻ കൈ പിടിക്കുക....!

ഏറ്റവും പ്രിയതരമാം കിനാവുകളിലൊന്നിൽ ,
നാഥാ.. അർശിൻറെ  തണലിൽ,
നിൻറെ  സ്വർഗീയാരാമങ്ങളിൽ ..
നിഷ്കളങ്കയായൊരു കൊച്ചു പെണ്‍കുട്ടി 
ഊഞ്ഞാലാടു ന്നുണ്ട് ....!

നിലാവിന്റെയിഴകളാൽ  നെയ്തെടുത്ത ,
കസവലുക്കിട്ട  നേർമ്മയേറിയ   പച്ചപ്പട്ടുടുപ്പിട്ടു -
പാൽപ്പുഞ്ചിരി തൂകി ക്കൊണ്ട് ....!
മധുര മധുരമായി പാടിക്കൊണ്ട് .......!!




No comments:

Post a Comment