Pages

25 February 2014

vishramam.....

 വിശ്രമം 



ഇനിയൊന്നു തല ചായ്ക്കണം ..
കുറഞ്ഞ നേരമെൻ തളർന്ന പ്രജ്ഞയെ ,
യൊന്നുറങ്ങിയുണരാൻ വിടേണം ..!
കണ്ണിമകളടഞ്ഞു ഞാൻ നിദ്ര തൻ 
കാണാക്കയങ്ങളിലാഴ്ന്നാഴ്ന്നിറങ്ങവേ ,

ഒന്നു കൈ നീട്ടുക ,
പ്രിയതരമാ വിരൽ തുമ്പുകളൊന്നെൻറെ 
നെറ്റിമേൽ ചേർക്കുക ...!
അതു  മതി  ...,
നിന്റെയൊരു പൊൻ തൂവൽ  മതി -
യതിൻ നിറവാർന്ന തണലു മതി,
യെനിക്കെല്ലാ വ്യഥകളും മായുവാൻ ...!
 മറ്റൊരു പൊൻ തൂവലായ്  നിദ്ര തൻ 
മോഹന വാനതിൽ പാറി നടക്കുവാൻ ..!
നിദ്ര തൻ തെളിവേറുമാഴിയിൽ 
ക്ഷീണമുപേക്ഷിച്ചു മുങ്ങി നിവരുവാൻ ...!

ഉണർന്നിരിക്കെ നാമെന്തെന്തു വേവുകൾ -
ഉൾക്കരുത്താലെ പൊതിഞ്ഞു പിടിക്കുന്നു ..
ഒരു മാത്രയെങ്കിലുമറിയാതെ കോപമായ് 
നിറം മാറിയെത്തും തളർച്ചകൾ...!

കരുണ തൻ നീരാട്ടിനാലെ തണുപ്പിച്ചു -
മുഖമൊന്നു വാടാതെ ..,
പുഞ്ചിരി മായാതെ...,
കൊഞ്ചലായ് കൈ നീട്ടിയണയും -
കുരുന്നു സ്വപ്നങ്ങൾക്കു വളമായൊരുങ്ങണം..!

കാഴ്ച തൻ പരിധിക്കുമപ്പുറം 
കണ്ണു ചെന്നെത്തണം ..!
വിണ്ണ്‍ തുറക്കണം ..,
മണ്ണിൽ വേരാഴ്ത്തണം ..!

നേരു  തീണ്ടാത്ത കെട്ടുകാഴ്ച്ചപ്പൊലിപ്പും,
നോവു തിങ്ങുന്ന നേരിൻ കിതപ്പും..
പ്രതിഷേധത്തിളപ്പും..
പാറ്റി ക്കൊഴിച്ചു വേർതിരിക്കണം ..
കലർപ്പ് ചേരാതെയോരോന്നായ് ...!

കാഴ്ച്ചകൾക്ക് തെളിച്ച മുണ്ടാകുവാൻ -
ഉൾക്കാഴ്ചയാൽ സ്നേഹച്ചെരാതു തെളിക്കണം ...!
കണ്ണടഞ്ഞ വിളക്കു മാടങ്ങളിൽ -
ആത്മ വിശുദ്ധിയാൽ എണ്ണ പകരണം...
നാമീ ചെരാതിനാലേ  നാളം തെളിക്കണം...!

ജീവിതപ്പൊരിവെയിലിൻറെ -
മൂർദ്ധാവുരുക്കുന്നോരുച്ചത്തിളപ്പുകൾ -
തളരാതെ താണ്ടുവാൻ ..
ക്ഷമയും സഹനവും കുടയായി ചൂടണം ...!

ശുഭ പ്രതീക്ഷയും  സ്നേഹവും പിന്നെ -
നിറഞ്ഞു തൂവുന്ന നന്മയും തീർക്കുന്ന -
തണലിനോരം ചേർന്നു നടക്കണം ...!
കരളിലിടഞ്ഞു നീറുന്ന മുറിവുകൾക്കുമേൽ 
കണ്ണീരുപ്പിനാൽ മരുന്നു പുരട്ടണം ...!

തൃഷ്ണ തൻ പള്ള ചീർത്തൊരൊട്ടകത്തിൻറെ -
പിന്നിൽ തളച്ചിടും  മൌഡ്യക്കിതപ്പുകൾ -
ഒറ്റക്കാൽക്കുതിപ്പാലേ, യളന്നു പിൻതള്ളണം ...!
നേരിൻ മുൾവഴികൾ താണ്ടുമീയശ്വത്തെ -
യുൾക്കരുത്താലേ  വഴി നടത്തണം ...!

ഇപ്പോഴിത്തിരിയൊന്നു മയങ്ങണം ..
കുറഞ്ഞ നേരമെൻ തളർന്ന പ്രജ്ഞയെ -
യൊന്നുറങ്ങിയുണരാൻ വിടേണം ..
അരികിൽ നീ കാവലുണ്ടാവണം ...........!







  










3 comments:

  1. ഇപ്പോഴിത്തിരിയൊന്നു മയങ്ങണം ..
    കുറഞ്ഞ നേരമെൻ തളർന്ന പ്രജ്ഞയെ -
    യൊന്നുറങ്ങിയുണരാൻ വിടേണം ..
    അരികിൽ നീ കാവലുണ്ടാവണം ...........!
    -------------------------------------------
    സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവട്ടെ ഓരോ വാക്കുകളും ,ആശംസകള്‍

    ReplyDelete
  2. നന്ദി സുഹൃത്തേ.. സന്തോഷം..!

    ReplyDelete
  3. nannaayitundu dear... keep writing... bhaavukangal...

    ReplyDelete