Pages

20 May 2014

Ishtam....

                                                 ഇഷ്ടം 


ഉരുക്കുന്ന അഗ്നിനാളത്തെക്കാൾ ,
ജ്വാലാ താപത്തിൽ, 
സ്വയമുരുകി വെളിച്ചമാവുന്ന-
മെഴുകുതിരിയാണെനിക്കിഷ്ടം ....!

അഗ്നിയെരിഞ്ഞു  കെട്ടുപോകിലും,
മെഴുകു ജന്മം തോൽവിയറിയുന്നില്ല..!
ഉരുകിയുറഞ്ഞു  ഘനീഭവിക്കുന്ന -
ദൃഡ നിശ്ചയങ്ങൾ-
പുതു ജീവനായ് ഉയിർ തേടുന്നു...!

ചിരിച്ചു നില്ക്കുന്ന വസന്തത്തെക്കാൾ ,
ഫലപ്രാപ്തിക്കായി,
കൊഴിഞ്ഞു മണ്ണിലലിഞ്ഞ-
പൂക്കളെയാണെനിക്കിഷ്ടം..!

അലക്കിയെടുത്ത്  ഇസ്തിരിയോടിച്ച 
പൊള്ളത്തരങ്ങളെക്കാൾ,
ഓർമ്മക്കറകൾ മായാത്ത   -
ഇസ്തിരിച്ചൂടിൽ  നിവരാത്ത ,
ജീവിതത്തിൻറെ -
പരുക്കനുടുപ്പാണെനിക്കിഷ്ടം....!

ശീതീകരിച്ച നുണപ്പെരുക്കങ്ങളെക്കാൾ.,
പൊരിയുന്ന വെയിലിൻറെ ,
ഉച്ചി തിളപ്പിക്കും- 
നേരുകളാണെനിക്കിഷ്ടം..!

ഉപേക്ഷിക്കപ്പെട്ട  പരിശ്രമത്തെക്കാൾ.,
ഒരു കുഞ്ഞനുറുമ്പ്,
തനിയെ ചുമക്കുന്ന- 
അരിമണിയാണെനിക്കിഷ്ടം ...!

മാളത്തിലൊളിക്കുന്ന ഭീരുത്വത്തെക്കാൾ-
ഇരുളിൽ,
ഒറ്റയ്ക്കു പറക്കുന്ന മിന്നാമിനുങ്ങിൻറെ -
ഇത്തിരി ജ്വാലയാണെനിക്കിഷ്ടം....!!
 










    

1 comment: