Pages

21 July 2014

Vibhraantham...

വിഭ്രാന്തം ...


കാരണമില്ലാത്ത കുറ്റത്തിന് 
നീണ്ട വർഷങ്ങൾ തടവു ശിക്ഷയനുഭവിച്ചു -
പരോളിലിറങ്ങിയ കുറ്റവാളിയെപ്പോലെയാണ്,
ചില മനുഷ്യ ജന്മങ്ങൾക്കു -
ജീവിത സ്വപ്‌നങ്ങൾ...!!

അറച്ചും ,ഭയന്നും..,
ഇടയ്ക്ക് പിന്കാൽ വെച്ചു ഞെട്ടി പിന്മാറിയും ,
സ്വന്തം വീട്ടിലേക്കുള്ള വഴിയിൽ 
അന്യനെപ്പോലെ..
പകച്ചും മരവിച്ചും ...!!

തടവറ ജനാലയിലെ ആകാശക്കീറിൽ-
സ്വപ്നങ്ങളിലെ പൂർണ ചന്ദ്രനുദിച്ചു കാണുന്ന-
ഭ്രാന്തില്ലാതെ, ഭ്രാന്തനായവൻറെ  -
ഉൾതേങ്ങലുകളിൽ...
തകർന്നു വീഴുന്ന ഉന്മാദം...!!

താൻ നിൽക്കുന്നയിടം 
മുന്നിലേക്കുള്ള പാതകൾ -
എന്നേയ്ക്കുമായി അവസാനിച്ചവൻറെ   ,
ഒടുവിലത്തെ അഭയം മാത്രമാണെന്ന് -
തിരിച്ചറിയുന്നവൻറെ  നിരാശ....!!

ഉള്ളിലെ കടലിരമ്പങ്ങളൊക്കെയും ചേർന്ന്, 
പ്രളയമായ് ത്തീർന്നു -
തന്നെത്തന്നെ വിഴുങ്ങിയിരുന്നെങ്കിൽ ..
എന്ന് പ്രത്യാശിച്ചു പോവുന്ന നിസ്സഹായത...!!

ബാക്കിയാവുന്നത്-
പുറമേക്ക് ശൂന്യമായ മിഴികളും ...
ഉള്ളിലെ നീറ്റിയൊടുക്കുന്ന പുകച്ചിലും മാത്രമാണ് ...!!   

സ്വന്തം ഹൃദയത്തിൻറെ -
ഒഴിഞ്ഞ ഇരുളിലേക്ക് മാത്രം തല ചായ്ച്ചു വെച്ച്..
കുനിഞ്ഞിരുന്നു മൗനം നുണയുന്ന ഭ്രാന്തൻറെ -
ആത്മാവ് കയ്യിൽ പിടിച്ചിരിക്കുന്നു ..-
ദൈവത്തിങ്കലേക്കു മാത്രം നീട്ടിയ- 
ഭിക്ഷാ പാത്രം .....!!!!!!!

2 comments:

  1. samayam.. oru pravaham..




    അക്ഷമം, അതിദ്രുതം, അനിയന്ത്രിതമാം പ്രവാഹം
    സമയം... മതിമറന്നാർക്കുമൊരു പ്രളയം
    ജീവനം, അതിജീവനം, അത് നാൾക്കുനാൾ കുതിക്കും,
    ഇഴയും,നിരങ്ങും, ശപിക്കും പിന്നെ തപിക്കും..
    ഭ്രമിക്കും, കൊതിക്കും, നേടും, നിരാശപ്പെടുത്തും
    പൊഴിക്കും വാക്കിൽ, അമൃതവും പഴിയും നിറയ്ക്കും..
    നെടുവീർപ്പും, തേങ്ങലും, ദ്വേഷം, ചിരിയും ഇവ ചേരും
    നിമിഷങ്ങൾ നീരാളമായ് നീളും നിത്യതയിലേക്കും
    അതിദ്രുതം, അവിരാമം, അക്ഷീണം കുതിക്കും,
    അടുക്കുംതോറും അകലേക്കു നീങ്ങുമാ വെളിച്ചം..
    അറ്റമില്ലാതെ നീളും തുരംഗത്തിനൊടുവിൽ
    മിന്നും പ്രഭ തേടും, മിടിക്കുമൊരു ഹൃദയം..
    വിഹ്വലം, പ്രക്ഷുബ്ധം, പ്രതിഷേധം തിളയ്ക്കും
    അന്ത:രംഗത്തിൽ ചിന്തയാം തീക്കനൽ ജ്വലിക്കും
    പുകയും, നീറും, പിന്നെ, അണയുവോളം തെളിയും
    ജീവന്റെ തുടിപ്പുകൾ നിത്യം, നേരമാകും വരേയ്ക്കും

    ReplyDelete
  2. Nice one dear..i,ve already read it from your blog and plus oned it in google...also some other recent works of you..

    ReplyDelete