Pages

20 September 2014

Thadaakam...

                                           തടാകം 


ഹൃദയമൊരു തടാകമാണ് ....!
നിൻറെ ശ്വാസ നിശ്വാസങ്ങളുടെ  താളത്തിൽ ,
ഓളങ്ങൾ ചാഞ്ചാടുന്ന തടാകം ...!
നിൻറെ സാമീപ്യത്തിൻറെ -
നിലാവും മഞ്ഞും നുകർന്ന് ,

വിശുദ്ധമായ ആ കുളിർമ്മയിൽ ,
എൻറെ ആത്മാവ് മുങ്ങി നിവരുന്നു....!
ഉത്സാഹം തുടിക്കുന്ന മിടിപ്പുകളോടെ -
ദിനേന,പുതു പ്രഭാതങ്ങളെ വരവേൽക്കാനായി ...!

സ്നേഹം മാത്രമായവനേ ..,
ഉള്ളിലൊരു കുറുമ്പുകാരി തലപൊക്കുമ്പോഴാണ്‌,
ഏറ്റവും അടുത്തുള്ള നിന്നെ -
ഞാൻ കാണാതെ പോവുന്നത്...!

നിൻറെ സാമീപ്യമറിയാത്തപ്പോഴാണ്,
എൻറെ ഹൃദയ തടാകം 
അശാന്തിയുടെ ഉഷ്ണ വാഹിനിയായി -
വെട്ടിത്തിളയ്ക്കുന്നത് ...!
ചുറ്റുമുള്ളവയൊക്കെയും പൊള്ളിക്കുന്നത് ...!

പിന്നെ, നീരാവിയായി ,
ശൂന്യതയിൽ മറയുന്നത് ..!
അവൾ ഹൃദയമില്ലാത്തവൾ ..
എന്ന് മറ്റുള്ളവർ കുറ്റം പറയുന്നത് ...!

നീയരികിൽ ത്തന്നെയുണ്ടെന്ന തിരിച്ചറിവാണ് ,
ഹൃദയ തടാകത്തിൽ ,
കുളിർമഴയായി പെയ്തു നിറയുന്നത്...!
ഘനീഭവിച്ച ശൂന്യതകളിൽ ..
അശാന്തിയുടെ വിങ്ങലുകളിൽ ..
മഴമേഘങ്ങൾ തിങ്ങി നിറഞ്ഞു വരും...!

പിന്നെ, പിച്ചിപ്പൂക്കളുടെ 
നറുമണമുള്ള നിലാപ്പെയ്ത്തായി ..
നിൻറെ സ്നേഹമഴ പൊഴിഞ്ഞു വീഴും...!
ഓരോ തുള്ളിയിലും,
ഒരു സമുദ്രത്തോളം കാരുണ്യം നിറച്ച് ...!

തണുപ്പലിഞ്ഞ തടാകത്തിൽ 
കാലുകൾ നീട്ടിയിട്ടിരുന്നു നീ -
പുഞ്ചിരിക്കുന്നത് കാണുമ്പോഴാണ് ..
തുടുത്ത  ഇതളുകളുമായി ..
രക്തച്ചുവപ്പായ താമരകൾ, 
തടാകത്തിൽ വിടർന്നു വരുന്നത്...!

നിൻറെ നിശ്വാസങ്ങളുടെ നറുമണം 
ആത്മാവിൽ അലിഞ്ഞിറങ്ങുമ്പോഴാണ്,
തടാകത്തിലെ ജലം മുഴുവൻ -
പനിനീരായി രൂപാന്തരപ്പെടുന്നത്  ...!!

















  

No comments:

Post a Comment