Pages

29 January 2015

Dew drop,..to the Sun..!!

മഞ്ഞു തുളളി ,സൂര്യനോട്‌ .. !
..................................................
ഇരുൾ പുതച്ചുറങ്ങുന്ന ഭൂമിയുടെ
നെഞ്ചോട്‌ ചേർന്ന് ..,
വിനീതയായൊരു പുൽത്തുമ്പിൽ ..
നിലാവിലുറഞ്ഞ ഹിമകണമായി.. ,
രാവിന്റെ സ്വപ്ന സാഫല്യമായി..,
നിനക്കു വേണ്ടി ഞാൻ ഉയിർ കൊണ്ടു .!
ക്ഷണികമെന്റെയായുസ്സിൻ -
വിപഞ്ചികാ തന്ത്രികളിൽ ,
ഈണമിടുന്ന പ്രാണന്റെ മൃദു സ്പന്ദനം,
പ്രിയനേ........ ,
നിന്റെ ഉദയ ഗീതങ്ങൾ
പാടിത്തീരും വരെ മാത്രം ..!
നീർപ്പോളയിൽ ഉദയം കൊണ്ട ,
എന്റെ മാനസാകാശങ്ങളിൽ -
പ്രണയത്തിന്റെ മഴവിൽ ചന്തം തീർത്ത്
ഉഷസ്സായി ഉദിച്ചുയർന്നവനെ ...!
എന്നിലെ മാരിവില്ല് മാഞ്ഞു തീരും മുമ്പ്
എന്റെ അഴലാഴങ്ങളിൽ അസ്തമിച്ചു നീ ,
മറ്റൊരു വാനിൽ ഉദയം കൊള്ളും മുമ്പ്‌ ..
നിമിഷപ്രാണയായ ഈ മഞ്ഞു തുള്ളിയുടെ ,
പ്രാണനാൽ തീർത്ത വെണ്മുത്തിനുള്ളിൽ ..,
നിന്റെ തീക്ഷ്ണ രശ്മികളേറ്റുവാങ്ങി ..
വിശുദ്ധിയുടെ ഹൃദയപേടകം,
സമർപ്പിതാഞ്ജലിയായി പൊലിഞ്ഞു തീരുംമുമ്പ്‌...,
പൂർത്തിയാക്കട്ടെ ഇവൾ ..
നിന്റെ രാജസദസ്സിലെ
എന്റെ അവസാന നൃത്തം ....!!

No comments:

Post a Comment