Pages

4 January 2014

oru vilaapam...


                                     ഒരു വിലാപം ....




വിട പറയുന്ന ഡിസംബർ രാവിൻറെ,
മഞ്ഞുറഞ്ഞൊരീ  കാനന സന്ധ്യയിൽ - 

നിനവെരിയുന്ന തരളമാം ഹൃത്തിനെ  ,
പൊതിയുമിളം തൂവൽ കൊക്കാലൊതുക്കിയീ -

ഇല കൊഴിഞ്ഞ പടുമരച്ചില്ലയിൽ ,
പിടഞ്ഞൊതുങ്ങിയിരിക്കയാണൻപിൻറെ- 

ചിറകൊടിഞ്ഞൊരു ശാരികപ്പൈങ്കിളി ....!

ചിറകു നാമ്പിട്ട നാളുകൾ തൊട്ടെയീ 
വിവര ദോഷിയാം പൈങ്കിളി പ്പെണ്ണിനെ -

പറന്നുയരാൻ പഠിപ്പിച്ച സ്നേഹമേ, 
ഉയരങ്ങളെന്നും തണലു കാണാത്ത -

മരുപ്പറമ്പാണറിയുന്നുവോ നീ... !

കതിരുണങ്ങിക്കരിഞ്ഞ പാടങ്ങളിൽ -
പതിരു കൊയ്ത്തിൻറെയാർഭാടമേനികൾ..!

മനമുറങ്ങാതെ മിഴികൾപൂട്ടും നിൻ -
കരുതലിൽ മിഴി പൂട്ടിയുറങ്ങി ഞാൻ..! 

മുള്ള് കൊത്താതെ ,കണ്‍ ചുവന്നൊരു 

ക്രൂര വേടൻറെ വലയിലാകാതെ ,

 തളരുവാതെ പിന്നിട്ട വഴികളെൻ- 
ചിറകെരിക്കുന്നു കൊടിയ താപത്താൽ.... !

കൊടിയ വേനലിൻ വഴികൾ താണ്ടി നിൻ -
തണലു തേടിയിന്നുയിരു കേഴവേ ...,

എവിടെയായി മറഞ്ഞെന്നുമെന്നിൽ നീ- 
ചൊരിഞ്ഞിരുന്നൊരാ ഹരിതസാന്ത്വനം... ?

ഉറവ വറ്റിയൊടുങ്ങിയോ  നിന്നിൽ നി -
ന്നുറവെടുത്തൊരാ കരുണനീർത്തടം... ?

മഞ്ഞു മൂടിയണഞ്ഞകന്നൊരു 
ഡിസംബറിൻറെ  പ്രത്യാശകൾ പോലുമീ - 

ചിറകു നോവുന്ന  പക്ഷിക്കുരുന്നിനെ -
യോർക്കുവാനെ വിസമ്മതിച്ചതോ... ?

ഉരിയാടുവാനില്ലയൊന്നുമേ കൊക്കിലി -
ന്നുയിർ വെടിഞ്ഞെൻറെ വാക്കും മരിച്ചു പോയ്‌ ...!

ഇല്ല കൊക്കിലായ് പ്രത്യാശയോലുന്നോ -
രൊലിവു  നാമ്പിൻറെ  തളിരു പോലുമേ...! 

കനിവ് ചോരും നിൻ ഹൃദയത്തിലെപ്പോഴും 
മുറിവുണക്കുമമൃതവുമായെൻറെ- 

യരികിലായ് നീയണഞ്ഞിടൂ സ്നേഹമേ...,
 ക്ഷമയൊടുങ്ങാതെ ,യുടൽ വിറക്കാതെ -

കരൾ  വിതുമ്പാതെ,യിനിയുള്ള  നാളുമീ-  
ദുരിത വാഴ്വിൻറെ പർവ്വതം താണ്ടുവാൻ -

ചിറകുകൾക്കു പുതുവൂർജം പകർന്നു  നീ- 
പ്രാപ്തയാക്കുകീ പക്ഷിക്കുരുന്നിനെ...!

ചിറകു നീർത്തിപ്പറന്നോട്ടെ  വീണ്ടും ഞാൻ -
    പുതു പുലരിയുണർന്നെഴുന്നേൽക്കുമ്പോൾ......! 













4 comments:

  1. naannaayitundu.. puthuvalsaraashamsakal...

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  3. പക്ഷിക്കുരുന്നിന്റെ വിലാപം വാക്കുകളില്‍ അശ്രുപൊഴിക്കുന്നു. നല്ല വരികള്‍

    ReplyDelete
  4. Parakkuka veendum thalaraathe pakshikkurunne…….angakale meghapaalikalkkullil maranjirikkunnoraa sooryan….ithiri pularikkulirumaayi kaathirippundaavum

    ReplyDelete