Pages

20 October 2018

തഹജ്ജുദ്....

രാവിൻറെ ചില്ലകളിൽ
ഇളം കാറ്റിന്റെ മർമ്മരമായി
തഹജ്ജുദിന്റെ രാഗാലാപനം..
നീലിച്ച രാത്രി ഞരമ്പുകളിൽ
പൂവിടുന്ന നക്ഷത്ര മുല്ലകൾ..
അവയിൽ വീണുടഞ്ഞു ചുംബിക്കുന്ന
മഞ്ഞു തുള്ളികൾ..
നിന്റെ പുഞ്ചിരിയിൽ നിന്നടർന്നു പതിച്ചവ..
അതിലോലമായി ദളങ്ങൾ പുണർന്നവ..
പിന്നെ..
തിരുനെറ്റിയിലെ വിയർപ്പു കണമായ്,
നിന്നിലേക്ക്‌ തന്നെ ഉയർന്നവ..
ഉറങ്ങാത്തത് ഞാനോ രാവോ..?
തൂമഞ്ഞിൽ
അംഗശുദ്ധി ചെയ്ത്,
നിലാവ് തൊട്ട് കണ്ണെഴുതി
രാവുണർന്നിരിക്കുന്നു..
നീയുണർന്നിരിക്കുമ്പോൾ
ഒരുമാത്രയെങ്കിലും
രാവുറങ്ങുന്നതെങ്ങനെ!
കത്താതെ വിളക്ക്
വിളക്കാകുന്നതെങ്ങനെ..!
നിന്റെ മൊഞ്ചിന്റെ കണ്ണാടി മിന്നലിൽ
പ്രപഞ്ചം തിളങ്ങുന്നല്ലോ പ്രിയനേ..!
അതിൽ ,
ആനന്ദ നൃത്തം ചെയ്യുന്നൊരു
പ്രകാശ ധൂളിയായ് ഞാനും..

No comments:

Post a Comment