Pages

7 April 2016

ഉണ്മ..

നീർച്ചാലു മാത്രമാണു ഞാൻ ..!
നീയെന്ന തെളിനീരിന്
നിറഞ്ഞൊഴുകുവാൻ... !
എന്റെ ഉള്ളാഴമല്ല നീ ..
എന്റെയിരുളാഴങ്ങളിൽ
തുളുമ്പി നിറയുന്ന
നിറവെളിച്ചം ..!
എന്റെ വാക്കുകളല്ല നീ ..
വാക്കിൽത്തുളുമ്പുന്ന
ജീവചൈതന്യത്തിന്റെയുറവ ..!
വെറും മണ്‍വിളക്കല്ല നീ ,
എന്റെ ഹൃദയജാലകച്ചില്ലിൽ ,
കരിപുരളാത്ത സ്വർണ്ണ ചിത്രങ്ങളെഴുതുന്ന
കാവൽവിളക്കിന്റെ
കെടാനാളം ..!
നിന്റെ കരുതലിന്റെ കരുണ താപത്തിൽ,
എന്റെയാത്മാവ്
നിന്നിലേക്ക്‌ ഉരുകി..
തുളുമ്പി വീണുകൊണ്ടിരിക്കുന്നു ..!
ഒന്നു മറ്റൊന്നിൽ വിലയിച്ച ..
ഒറ്റജ്വാലയാണ് ,
പുറമേ കാണുന്നത് ..!
പുറംകണ്ണ് കാണുന്നതൊക്കെയും തിരമാലകളെങ്കിലും ..
സമുദ്രമെന്നത് തിരമാലകൾ മാത്രമല്ലല്ലോ ..!
അനന്തമായ കാലത്തിന്റെ
മാല്യത്തിലേക്ക്..,
നിമിഷകണങ്ങൾ കോർത്തു ചേർത്ത് ..
ഇന്നിന്റെ മൊട്ടിൽനിന്ന്‌
നാളെയുടെ പൂ വിരിയുന്നു..!
നീയൊഴുകുന്നു ..
എന്നിൽ നിറഞ്ഞ്,
അങ്ങോളം..!
പിന്നെയും..!!
..

No comments:

Post a Comment