Pages

20 April 2016

ഗ്രീഷ്മം..

ഗ്രീഷ്മമെരിയുന്ന വേനലിൻ ചില്ലയിൽ
പ്രാണനോവാൽ ഇലകൾ പിടഞ്ഞുവോ ?

ഉഷ്ണ വാഹിയാം സൂക്ഷ്മ കണികകൾ വേവും ദീർഘ നിശ്വാസമുതിർത്തുവോ?

മൃത സാഗരത്തിന്റെ യടിയിലൂറും
ജല പാളിയിലെവിടെയോ ജീവൻ പിടഞ്ഞുവോ  ?

ചിര ബന്ധനങ്ങളാം നോവുകൾ തഴുകിയീ  കാറ്റിൻ ഹൃദയവും ഒന്നു വിറച്ചുവോ ?

ചുടുനിണ ബാഷ്പമുറഞ്ഞ ഞരമ്പുമായ് ,
ജീവനീർ വറ്റിയ മാറിൻ മിടിപ്പുകൾ
ഏങ്ങിവലിഞ്ഞു തീക്കാറ്റിലമർന്നുവോ?

ഭ്രാന്തിൻ കണികകൾ തലച്ചോറ് തിന്നുവോ ..?

ചേതന ചിതലിന്റെ പുറ്റായൊടുങ്ങിയൊ?

ഇനി വിളിക്കേണ്ട പിൻവിളി !
അഴൽ തിന്നു തീർത്തൊരീ
നന്മച്ചെരാതിന്റെ ,

മൃതജീർണ്ണഗന്ധത്തിൽ  മഴയായ് പൊഴിയേണ്ട ..!

ഇനി പാടേണ്ടതില്ല നീ ,
പ്രിയമേറും വിഷുപ്പക്ഷീ,

യിടറിയ സ്നേഹനാദമായ്‌ തളരേണ്ടതില്ല നീ ..

നോവുറങ്ങാത്തൊരെൻ ഹൃദയവീണയിൽ,

അമൃതനാദത്തിൻ വീചിയായി നിൻ-

ചിറകടിക്കാത്ത മൗനനൊമ്പരം
അലകലായ് പുണരുന്ന വേളയിൽ,

ആർത്തമെൻ പ്രാണനുലഞ്ഞുവെങ്കിലോ..!

പ്രജ്ഞയിൽ മഞ്ഞയാം കണിക്കൊന്ന വീണ്ടും ചിരിച്ചു പൊയെങ്കിലോ ..!

കരിയും ഹരിത കുംഭങ്ങൾ മൂഡ പ്രതീക്ഷയാലേ തളിർത്തു പോയെങ്കിലോ ..!

വിട പറയുന്ന ജീവന്റെ തുള്ളികൾ,
പതറി നിന്ന് പിടഞ്ഞുവെങ്കിലോ..!

കഴിയില്ല കാണുവാൻ ,
ഹരിത പ്രതീക്ഷകൾ കരിയുന്ന
കാഴ്ചകൾ..കണ്ണടയ്ക്കട്ടെ ഞാൻ..!

ഭൂമിയോളം ക്ഷമിക്കുകെന്നല്ലേ നീ
ഭൂതലമാകെയും വേദാന്തമോതുന്നു..!!

പാതാളമോളം ക്ഷമിച്ചില്ലേ, ഭൂമി ഞാൻ
പൈദാഹമേറി മരിക്കുവാൻ മാത്രമായ്...!!!!

No comments:

Post a Comment