Pages

25 April 2016

ശംഖ്...

അലകടലിരമ്പും നീയാം വെൺശംഖിൻ ഹൃദയമെൻ
നെഞ്ചോടു ചേർന്നിരിക്കേ,
ഇരമ്പുന്നുണ്ടൊരലയാഴിയെൻ ഹൃത്തിലും നിശബ്ദ ശാന്തമായ് ...!
വിരിയുന്നുണ്ടൊരാകാശമുള്ളിൽ,
തെളിവാനമതിൻ- നീലത്തിരകൾക്ക് മീതെ ,
ചക്രവാളം തിരഞ്ഞു നീന്തുമൊരേ തൂവൽപ്പക്ഷികൾനാം...!
തണുവാർന്നൊരു തിരമാല,യടിമുടി നനച്ച പോലെ-
ചിരിയോടെ മടങ്ങുന്നുണ്ടീറൻ കാറ്റിന്നലകൾ ...!
നിറവോടെ ജ്വലിക്കുന്നു,ണ്ടരിയ കാന്തിയായ്  സൂര്യൻ,
നിറചിരി മടക്കുന്നുണ്ട് നിറച്ചാർത്താം കടുംചേല ചുറ്റിയ പൂക്കളും ...!
വെയിലുരുകും വെളിച്ചത്തിൻ വെള്ളിത്തിരകളിൽ മെല്ലവേ
നിഴലുകൾ നീളുമ്പോളകലത്താ
യൊഴുകുമൊരു ചെറു തോണിയതിൽ
യാത്രക്കാരിരുവർ, അതാരൊക്കെയാവാം...? !
ഉള്ളിരമ്പങ്ങളാലാഴമള,ന്നുൾക്കണ്ണു  കോർത്തവർ നമ്മൾ ...!
പൊള്ളയാം പെരുക്കങ്ങൾ , എണ്ണിയേ കിഴിച്ചവർ ...!
പൊള്ളുന്ന വേനൽച്ചൂടാം തൃഷ്ണകൾ ചമയ്ക്കുന്ന
ഉഷ്ണ പ്രവാഹങ്ങൾക്കെന്നും നേർന്നിടാം ശാന്തി, ശാന്തി ...!
പ്രാണനിൽ തണുപ്പായി നിറയട്ടെയെന്നും നിന്റെ
പ്രാണന്റെ തിരകളീ മൺകൂടു നനയ്ക്കട്ടെ ...!!

No comments:

Post a Comment