Pages

15 June 2016

റമദാൻ മഴയിൽ......

ഓ റമദാൻ...!
പ്രാർഥനാ പൂർണ്ണമായ ഉള്ളടക്കങ്ങളിൽ,
നീ ചൊരിയുന്ന കാണപ്പെടാത്ത അനുഗ്രഹത്തിന്റെ പൂവുകൾ..
ചുറ്റിലും വീണു നിറയുന്നുണ്ട്..!
ഒന്നു ശ്രദ്ധിച്ചാൽ കേൾക്കാം..
ആ നേർത്ത മർമ്മരശബ്ദം..!
ഇളംകാറ്റിന്റെ തലോടലിൽ
ഊർന്നു വീഴുമ്പോലെ...!
പിച്ചിപ്പൂക്കളുടെ നറുസുഗന്ധം
ഒരു നേർമ്മത്തിരശീലയായി
ഹൃദയത്തെ വന്നു പൊതിയുന്നതുമറിയാം...!
ഉള്ളറവാതിൽ,അവനിലേക്കായി തുറന്നുവെയ്ക്കുക...!
നെറുകയിലെ ഒറ്റമഴത്തുള്ളിയിൽ
റമദാന്റെ വിരൽസ്പർശമറിയുക...!
അവൻ , തെറ്റുകളെ വെള്ളം കൊണ്ടും
കരിച്ചു കളയുന്നവൻ തന്നെ...!
അനുഗ്രഹങ്ങളുടെ പെരുമഴയിൽ
തെറ്റുകൾ കഴുകിയൊലിച്ചു പോവുന്നത്
ഹൃദയം കൊണ്ടറിയാം...!
നമസ്കാര മുസല്ലയിലെ കുഞ്ഞോലക്കുടിലിൽ..
തണുപ്പകറ്റാൻ അവനെ വാരിപ്പുതച്ച്..
കണ്ണീരെണ്ണയിൽ ദിക്റിന്റെ തിരി നീട്ടി വെയ്ക്കുക..!
ഓരോ സുജൂദിലും വസന്തം വിടരുന്നതിനു സാക്ഷിയാവുക...!
തള്ള വിരലും, ചൂണ്ടു വിരലും ചേർത്തുപിടിച്ചു,
മഞ്ഞ കാട്ടുപൂവിന്റെ തണ്ടറ്റത്തു നിന്നും
രാജാവിന്റെ തല കൊയ്തു കളിച്ചിട്ടില്ലേ പണ്ട്‌..!
അത്രയെളുപ്പമാണ് പിന്നെ..,
ഓരോ കുഞ്ഞു തെറ്റിനെയും,
ഞൊട്ടി ,
ഞൊട്ടി, തല കൊയ്തു വിടുക...!
ആഹാ ! എത്ര രസമുള്ളൊരു കളിയാണെന്നോ!!

No comments:

Post a Comment