Pages

11 January 2017

അന്വേഷണം..

ഹേ ഖബറിടം തെരഞ്ഞെത്തിയ സഞ്ചാരീ..
കൊത്തിക്കിളച്ചു ചികഞ്ഞു പരതിയാലും,
എന്റെ ഹൃദയമിരുന്നിടത്തു നിന്നും..
നിനക്കൊന്നും കണ്ടെടുക്കാൻ കഴിയില്ല..
ഒരു പിടി തൂവെള്ള ഭസ്മ ധൂളികൾ അല്ലാതെ!!

ഉള്ളിലെരിഞ്ഞു വെളിച്ചം ചിതറിയ പ്രണയതാപമൊക്കെയും..,
സുഗന്ധ ധൂമമായുയർന്ന്..
ചേരേണ്ടവനിലേക്ക് ചേർന്നിരിക്കുന്നു...!

ശ്വാസ നിശ്വാസ താളത്തിൽ..
അവൻ.. അവൻ.. എന്നു മിടിച്ച റൂഹ്..
അവനിലേക്ക് പറന്നു പോയിരിക്കുന്നു...!

അവനെ തേടിയീ ഭൂമിയിൽ-
പാദം വിണ്ടുകീറി..കണ്ണുനീറി..ഉള്ളുചുട്ട്-
അലഞ്ഞു നടന്ന വഴികളിൽ,
മഞ്ഞുരുകിയൊഴുകും പോലെ..,
തെളിനീരിന്റെയരുവികളൊഴുകുന്നു...!

കരളിന്റെ ലാവയൊഴുകിയ കരകളിൽ..
വിടർന്ന ചിരിയോടെ കുഞ്ഞു വയലറ്റ് പൂക്കളും...!
ഇത്തിരി നേരമിരുന്നോളൂ..
തണുത്ത കാറ്റ് വന്നു സലാം ചൊല്ലി..
നിനക്ക് യാത്രാ മംഗളം നേരും വരെ...

യാത്ര തുടർന്നോളൂ..
ഖബറിൽ തെരഞ്ഞത്.. ഖൽബിൽ കണ്ടെത്തും വരേ...!

No comments:

Post a Comment